വികസന കാഴ്ചപ്പാട്
73, 74 ഭരണ ഘടനാ ഭേദഗതിയിലൂടെ പഞ്ചായത്ത് രാജ് ഭരണസംവിധാനം സാക്ഷാത്ക്ക രിക്കപ്പെടുകയും പ്രാദേശിക വികസനം കാര്യക്ഷമമാക്കുന്നതിന് ജനകീയാസൂത്രണ പ്രക്രിയയിലൂടെ നടപ്പിൽ വരുത്തുകയുമാണ്. വികസനം കേവലം ഭൌതിക നിർമ്മാണങ്ങളിൽ മാത്രം ഒതുങ്ങാതെ ഓരോ പൌരന്റെയും ജീവിത നിലവാരത്തിൽ ഗുണപരമായ മാറ്റം കൊണ്ടുവരിക എന്നതാണ് നമ്മുടെ പ്രാഥമിക ലക്ഷ്യം.
സുസ്തിര വികസന ലക്ഷ്യം നേടുകയെന്നതാണ് ഈ വർഷത്തെ പദ്ധതിയിൽ ഊന്നൽ നൽകിയിരിക്കുന്നത്. ഉത്പാദന മേഖലയിൽ പഞ്ചായത്തിന്റെ സർവ്വതോന്മുഖമായ വികസനം ലക്ഷ്യമിട്ട് കൃഷി, മൃഗസംരക്ഷണ, മത്സ്യ വികസന മേഖലകളിൽ തനത് പദ്ധതികളും ടൂറിസ്സം മേഖലയിൽ നമ്മുടെ പഞ്ചായത്തിന്റെ സാധ്യതകൾ കണ്ടെത്തി നൂതന പദ്ധതികളും ആവിഷ്ക്കരിക്കുന്നു. കാർഷിക ഉൽപ്പന്നങ്ങളുടെ വിപണന സൌകര്യങ്ങൾ, വന്യമൃഗ ശല്യത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകുന്നു. ഗ്രാമീണ റോഡുകളുടെ സമ്പൂർണ്ണ നവീകരണം, സുരക്ഷിതമായ കുടിവെള്ള ലഭ്യത തെരുവു വിളക്കുകളുടെ വിപുലീകരണം എന്നിവയിലൂടെ ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റുകയാണ് ലക്ഷ്യം. എല്ലാവർക്കും അടച്ചുറപ്പുള്ള വീട്, അതിദരിദ്രരെ കണ്ടെത്തി മുഖ്യധാരയിലേയ്ക്ക് എത്തിക്കൽ, ഭിന്നശേഷി വയോജനസൌഹൃദ പഞ്ചായത്ത് എന്നീ ലക്ഷ്യങ്ങൾക്കായി തുക മാറ്റിവെക്കുന്നു. പാർശ്വ വൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ സമഗ്ര പുരോഗതിക്കായി പ്രത്യേകം ഊന്നൽ നൽകുന്നു. നാടിന്റെ ചാലക ശക്തിയായ യുവജനങ്ങൾക്ക് നൈപുണ്യ വികസന പരിശീലനം, സ്പോർട്സ് മേഖലകളിലെ പ്രോൽസാഹനം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളുടെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തലും കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴി മികച്ച ചികിത്സാ സൌകര്യങ്ങൾ ഉറപ്പാക്കലും ലക്ഷ്യമിടുന്നു. കൂടാതെ ശാസ്ത്രീയമായ മാലിന്യ സംസ്ക്കരണത്തിലൂടെ പഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ പദവിയിലേയ്ക്ക് ഉയർത്തുന്നതിനുള്ള തീവ്ര യജ്ഞ പദ്ധതികളും ആവിഷ്ക്കരിച്ചിട്ടുണ്ട്.
2014 ഫെബ്രുവരി മാസം 21-ാം തീയതി അന്നത്തെ കേരളമുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടി വെള്ളരിക്കുണ്ട് താലൂക്കിന്റെ ഉദ്ഘാടനം ബളാൽ പഞ്ചായത്തിലെ വെള്ളരിക്കുണ്ടിൽ നിർവ്വഹിച്ചതിനെ തുടർന്ന് ബളാൽ പഞ്ചായത്തിൻറെ വികസന വളർച്ചയ്ക്ക് തുടക്കം കുറിച്ചു. തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസ്, ആർ.ഡി.ഓഫീസ്, ഹെഡ് പോസ്റ്റ്ഓഫീസ്, ലീഗൽ മെട്രോളജി ഓഫീസ് തുടങ്ങിയവ കൂടി വെള്ളരിക്കുണ്ടിൽ പ്രവർത്തനം ആരംഭിച്ചു. ബളാൽ പഞ്ചായത്തിൽ ആരോഗ്യ മേഖലയിൽ വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, കൊന്നക്കാട് കുടുംബാരോഗ്യ കേന്ദ്രം , മാലോം ആയുർവേദ ഡിസ്പെൻസറി , പാലച്ചാൽ ഹോമിയോ ഡിസ്പെൻസറി ഏഴ് സബ്ബ് സെന്റെറുകളും പ്രവർത്തിക്കുന്നു.
ബഹു.എം.എൽ. എ ശ്രീ.ഇ.ചന്ദ്രശേഖരൻ ആസ്തി വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ചു പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ ഗ്രാമപഞ്ചായത്ത് അനുബന്ധ സൌകര്യങ്ങൾ ഒരുക്കി നല്ല രീതിയിൽ ആയുർവ്വേദ ആശുപത്രി പ്രവർത്തിക്കുന്നു. കൊന്നക്കാട് പ്രവർത്തിക്കുന്ന മൃഗാശുപത്രിയും സബ്ബ് സെന്ററുകളും പഞ്ചായത്തിന്റെ അധീനതയിൽ പ്രവർത്തിച്ചു വരുന്നു. കൂടാതെ സ്വകാര്യ ക്ലിനിക്കുകളും പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാഭ്യാസ മേഖലയിൽ മാലോത്ത് കസബ, വെള്ളരിക്കുണ്ട് സെന്റ്ജൂഡ് , ബളാൽ ജി.എച്ച്.എസ്.എസ്. എന്നീ മൂന്ന് ഹയർ സെക്കൻഡറി സ്ക്കൂളുകളും , അഞ്ച് എ.എൽ.പി.സ്കൂൾ, ഒരു യു.പി. എന്നിവയും സ്വകാര്യ മേഖലയിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ എന്നിവ പ്രവർത്തിക്കുന്നു. പൊതുമരാമത്ത് വിഭാഗത്തിൽ പഞ്ചായത്ത് റോഡ് 300 കിലോമീറ്ററിൽ അധികം റോഡുകൾ ഉണ്ട്. അവയിൽ 200 ൽ അധികം കിലോ മീറ്ററുകൾ ടാർ ചെയ്തത് ഗതാഗത യോഗ്യമാക്കി കഴിഞ്ഞു.