ബളാൽ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പശ്ചിമ ഘട്ടത്തിന്റെ മടിത്തട്ടിൽ വിലസുന്ന പ്രകൃതി രമണീയമായ മലയോര പ്രദേശമാണ് ബളാൽ പഞ്ചായത്ത്. കർണ്ണാടക മലനിരകളാണ് ഇതിന്റെ പൂർവ്വ ഭാഗത്ത് അതിരിട്ടു നിൽക്കുന്നത്.സമുദ്ര നിരപ്പിൽ നിന്ന് 3000 അടിയിലധികം ഉയരമുള്ള മലനിരകൾ ഇവിടെ ഉണ്ട്. ഉത്തരകേരളത്തിന്റെ ജീവനാഡിയായ കാര്യങ്കോട് പുഴ ( തേജസ്വിനി പുഴ ) ഉത്ഭവിക്കുന്നത്. കർണ്ണാടക വനങ്ങളിൽ നിന്നാണെങ്കിലും അത് ഒഴുകി രൂപം പ്രാപിച്ച് പുഴയായി പൂർണ്ണത നേടുന്നത് ഈ പഞ്ചായത്തിന്റെ പൂർവ്വ പ്രദേശങ്ങളിൽ കിടക്കുന്ന മഞ്ചുച്ചാൽ മുതൽ മാലോം വരെയുള്ള പ്രദേശങ്ങളിലാണ്. ഇവിടെ ഈ പുഴയ്ക്ക് ചൈത്രവാഹിനി എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ ടൂറിസ്റ്റ് ഭൂപടത്തിൽ സ്ഥാനം പിടിച്ച അപൂർവ്വ സസ്യ സമ്പത്തു കൊണ്ട് സമ്പന്നമായ കോട്ടഞ്ചേരി മലനിരകൾ ഇവിടെയാണ്. കാസർഗോഡ് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് ഈ പഞ്ചായത്തിലെ പുഞ്ചയും മൈക്കയവും വള്ളിക്കൊച്ചിയും. മലബാറിന്റെ ഉത്തരഭാഗത്ത് കിടക്കുന്ന ഈ പ്രദേശം മുമ്പ് സൌത്ത് കാനറ ജില്ലയിലായിരുന്നു.
ഒരു നൂറ്റാണ്ട് മുമ്പ് ഈ പഞ്ചായത്തുൾപ്പെടുന്ന ഭൂമിയുടെ സിംഹഭാഗവും അനഭിഗമ്യങ്ങളായ വനപ്രദേശങ്ങൾ തന്നെ ആയിരുന്നു എന്നു പറയാം. മാവിലർ, വേട്ടുവർ, മലക്കുടിയൻമാർ, എന്നിവരും അപൂർവ്വമായി മാറാട്ടികളും ഇവിടെ ആദിവാസികളായിരുന്നു. ചെറവൻമാർ എന്നു പൊതുവായി വിളിക്കപ്പെടുന്ന മാവിലർ, വേട്ടുവർ തുടങ്ങിയവർ ജന്മികളോടൊപ്പം വന്നു ചേർന്നവരാകാം. ഒരു പക്ഷെ വനഭൂമികളിൽ വസിച്ചിരുന്ന ഇവർ ഈ നാടിന്റെ യഥാർത്ഥ അവകാശികളായിരിക്കാം. സമ്പന്നമായ ഒരു സാംസ്കാരിക പാര്യമ്പര്യത്തിന്റെ ഉടമകളാകാം ഈ ജന വിഭാഗം. കാട്ടുകിഴങ്ങുകൾ തിന്നും മല ദൈവങ്ങളെ ആരാധിച്ചും ചാമുണ്ഡി, പരദേവത, പഞ്ചുരുളി , ഗുളികൻ, വീരൻ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയും ഇവർ ജീവിച്ചിരുന്നു. ഫലപ്രദമായ പച്ചമരുന്നുകളും മന്ത്രവാദങ്ങളും ഇവരുടെ ചികിത്സാ രീതിയായി ഉപയോഗിച്ചിരുന്നതായും അറിയുന്നു.
ഇന്നത്തെ ബളാൽ പ്രദേശങ്ങൾ അടക്കിവാണിരുന്നത് ബാലിക്കടക്കോൻ എന്ന നായർ തറവാട്ടുകാരായിരുന്നു. ഇവരുടെ ആസ്ഥാനം അരീക്കര ആയിരുന്നു. അരി വിളയുന്ന കരയാണ് അരീക്കരയായി തീർന്നതെന്നു പറയുന്നു. ഇവരുടെ തറവാട്ടു വക കൂലോങ്ങൾ അരീക്കരയിലും ബളാലിലും ഉണ്ടായിരുന്നു. മാലോം കൂലോത്ത് മറ്റു തെയ്യങ്ങളോടൊപ്പം മുക്രി പോക്കർ എന്ന മാപ്പിള തെയ്യം കെട്ടി ആടിയിരുന്നു എന്നത് നമ്മുടെ മതസൌഹാർദ്ദത്തിന്റെ മൌലിയിൽ പതിച്ച മരതകമല്ലാതെ മറ്റെന്താണ്. പുരാതനമായ കല്ലൻചിറ, മാലോം എന്നീ മഖാമുകളുടെ പൂർവ്വ ചരിത്രമറിഞ്ഞാൽ കോരിത്തരിപ്പിക്കുന്ന ഐതിഹ്യങ്ങൾ വെളിവാകും. മഹാലോകമാണ് മാലോം ആയി പരിണമിച്ചതെന്ന് പറയപ്പെടുന്നു.
ബാലിക്കടക്കോൻ തറവാട് ക്ഷയിച്ചതോടെ മാലോം മേഖല കോടോത്ത് കുടുംബത്തിന്റെയും, കൊന്നക്കാട് ഭാഗം ക്ളായിക്കോട് ചെറുവിട്ടാര വീട്ടുകാരുടെയും, ബളാൽ അരീക്കര പ്രദേശങ്ങൾ തൃക്കരിപ്പൂർ ഉടുമ്പുന്തലക്കാർ എന്ന പ്രമുഖ മുസ്ലീം കുടുംബത്തിന്റെയും, എടത്തോട് ചേരിപ്പാടി കുടുംബത്തിന്റെയും അധീനതയിലായി.
ഏതാണ്ട് 75 വർഷം മുമ്പ് പൊടവടുക്കം , ബാര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പേറയിൽ, അടുക്കാടുക്കൻ, പൊളിയപ്രൻ, മേലത്ത്, കൂക്കൾ, ചിറക്കര, ഇടയില്ല്യം, വേങ്ങയിൽ, ബേത്തൂർ, ഐക്കോടൻ, തുടങ്ങിയ അനേകം നായർ കുടുംബങ്ങൾ ഇങ്ങോട്ടു കുടിയേറുകയുണ്ടായി. ഇവിടെ തെളിമയുടെ ആദികിരണങ്ങൾ വന്നു പതിച്ചത് ഈ കുടുംബങ്ങളുടെ കുടിയേറ്റത്തോടെയാണ്. യാദവർ, തീയർ തുടങ്ങിയ ജനവിഭാഗങ്ങളും ഇവിടെ വന്നു താമസം തുടങ്ങി. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ഇവിടെ മുസ്ലീം കുടുംബങ്ങൾ കുടിയേറിയിരുന്നു. ലായിനാക്കില്ലത്ത്, പുഴക്കര തുടങ്ങിയ പ്രമുഖ തറവാട്ടുകാർ ഈ പഞ്ചായത്തിലെ ആദികാല കുടിയേറ്റക്കാരിൽപ്പെടുന്നു .
കൃഷിയുടെ കാര്യമെടുത്താൽ പുനം കൃഷി ആയിരുന്നു അന്ന് പ്രധാനം. മലയിലെ വലിയ കാടുകൾ കൊത്തിമറിച്ച് കത്തിച്ച് മൂത്ത മണ്ണിൽ നെല്ലും കൂടെ ചാമയും മുത്താറിയും തുവരയും മറ്റും വിതച്ചിരുന്നു. അപൂർവ്വമായി പുകയിലയും പരുത്തിയും കൃഷി ചെയ്തിരുന്നു. പുനം കൃഷിയെ താറുമാറാക്കാനെത്തുന്ന വന്യമൃഗങ്ങളെ തുരത്താൻ കൊട്ടും തുടിയും കവണയും വില്ലുമായി രാവൊടുങ്ങുന്നതു വരെ കാവൽ കിടക്കുന്നതും ആദിവാസി ജനങ്ങളായിരുന്നു. പുനം മൂർന്നാൽ അവിടെ അവിടെ മുരിക്കുകാൽ നാട്ടുകയും കുരുമുളക് കൃഷി നടത്തുകയും ചെയ്യും. വ്യാപകമായ കൃഷിയും ഇതു തന്നെ ആയിരുന്നു.
കുടിയാന്മാർ ജന്മിക്ക് അന്ന് പത്തിന് രണ്ട് എന്നപാട്ടം കൊടുത്തിരുന്നു. പത്തുകൊല്ലത്തിന് രണ്ടു കൊല്ലം ആദായം എടുക്കാനുള്ള അവകാശം ജന്മിക്കായിരുന്നു. കൂടാതെ കാലാകാലങ്ങളിൽ ജന്മി നിശ്ചയിക്കുന്ന പുറപ്പാട്ട സംഖ്യയും ബാരവും പാട്ടവും കപ്പക്കാർ കൊടുക്കേണ്ടിയിരുന്നു.
വെള്ളരിക്കുണ്ട്, മാലോം, ബളാൽ, വള്ളിക്കടവ്, കൊന്നക്കാട് , എടത്തോട് എന്നിവിടങ്ങളിലെ ടൌണുകൾ നല്ല കച്ചവട കേന്ദ്രങ്ങളായി വളരുന്നുണ്ട്. ഈ പഞ്ചായത്തിന്റെ സിരാ കേന്ദ്രമാണ് വെള്ളരിക്കുണ്ട്. മലയോര മേഖലയുടെ പുരോഗതിക്ക് വെള്ളരിക്കുണ്ട് ആസ്ഥാനമായി മലയോര താലൂക്ക് രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. എം ജി കെ മൂർത്തിയുടെ നേതൃത്വത്തിലുള്ള താലൂക്ക് പുനസംഘടന കമ്മീഷൻ വെള്ളരിക്കുണ്ട് ആസ്ഥാനമായി ബളാൽ പഞ്ചായത്ത് രൂപീകരിക്കാൻ ശുപാർശ ചെയ്തിരുന്നു.
ബളാലിൽ ഹെഡ് ഓഫീസും മാലോം, കൊന്നക്കാട് എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുമായി പ്രവർത്തിക്കുന്ന മാലോത്ത് സർവ്വീസ് കോപ്പറേറ്റീവ് ബാങ്ക് ഈ പഞ്ചായത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമാണ്. ആവശ്യമായ വായ്പാ സൌകര്യങ്ങൾ നൽകി ഈ കാർഷിക മേഖലയെ പുരോഗതിയിലേക്കു നയിക്കുന്നതിൽ ഈ സ്ഥാപനത്തിന് പ്രധാന പങ്കുണ്ട്. ഗ്രാമീണ ബാങ്കുകൾ, കെ ഡി സി ബാങ്കിന്റെ ശാഖ എന്നീ സ്ഥാപനങ്ങളും ജനങ്ങളുടെ വായ്പാ സൌകര്യങ്ങൾക്കും തദ്വാര നാടിന്റെ വികസനത്തിനും സഹായിക്കുന്നു