History of Grama Panchayat
പശ്ചിമ ഘട്ടത്തിന്റെ മടിത്തട്ടിൽ വിലസുന്ന പ്രകൃതി രമണീയമായ മലയോര പ്രദേശമാണ് ബളാൽ പഞ്ചായത്ത്. കർണ്ണാടക മലനിരകളാണ് ഇതിന്റെ പൂർവ്വ ഭാഗത്ത് അതിരിട്ടു നിൽക്കുന്നത്.സമുദ്ര നിരപ്പിൽ നിന്ന് 3000 അടിയിലധികം ഉയരമുള്ള മലനിരകൾ ഇവിടെ ഉണ്ട്. ഉത്തരകേരളത്തിന്റെ ജീവനാഡിയായ കാര്യങ്കോട് പുഴ ( തേജസ്വിനി പുഴ ) ഉത്ഭവിക്കുന്നത്. കർണ്ണാടക വനങ്ങളിൽ നിന്നാണെങ്കിലും അത് ഒഴുകി രൂപം പ്രാപിച്ച് പുഴയായി പൂർണ്ണത നേടുന്നത് ഈ പഞ്ചായത്തിന്റെ പൂർവ്വ പ്രദേശങ്ങളിൽ കിടക്കുന്ന മഞ്ചുച്ചാൽ മുതൽ മാലോം വരെയുള്ള പ്രദേശങ്ങളിലാണ്. ഇവിടെ ഈ പുഴയ്ക്ക് ചൈത്രവാഹിനി എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ ടൂറിസ്റ്റ് ഭൂപടത്തിൽ സ്ഥാനം പിടിച്ച അപൂർവ്വ സസ്യ സമ്പത്തു കൊണ്ട് സമ്പന്നമായ കോട്ടഞ്ചേരി മലനിരകൾ ഇവിടെയാണ്. കാസർഗോഡ് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് ഈ പഞ്ചായത്തിലെ പുഞ്ചയും മൈക്കയവും വള്ളിക്കൊച്ചിയും. മലബാറിന്റെ ഉത്തരഭാഗത്ത് കിടക്കുന്ന ഈ പ്രദേശം മുമ്പ് സൌത്ത് കാനറ ജില്ലയിലായിരുന്നു.
ഒരു നൂറ്റാണ്ട് മുമ്പ് ഈ പഞ്ചായത്തുൾപ്പെടുന്ന ഭൂമിയുടെ സിംഹഭാഗവും അനഭിഗമ്യങ്ങളായ വനപ്രദേശങ്ങൾ തന്നെ ആയിരുന്നു എന്നു പറയാം. മാവിലർ, വേട്ടുവർ, മലക്കുടിയൻമാർ, എന്നിവരും അപൂർവ്വമായി മാറാട്ടികളും ഇവിടെ ആദിവാസികളായിരുന്നു. ചെറവൻമാർ എന്നു പൊതുവായി വിളിക്കപ്പെടുന്ന മാവിലർ, വേട്ടുവർ തുടങ്ങിയവർ ജന്മികളോടൊപ്പം വന്നു ചേർന്നവരാകാം. ഒരു പക്ഷെ വനഭൂമികളിൽ വസിച്ചിരുന്ന ഇവർ ഈ നാടിന്റെ യഥാർത്ഥ അവകാശികളായിരിക്കാം. സമ്പന്നമായ ഒരു സാംസ്കാരിക പാര്യമ്പര്യത്തിന്റെ ഉടമകളാകാം ഈ ജന വിഭാഗം. കാട്ടുകിഴങ്ങുകൾ തിന്നും മല ദൈവങ്ങളെ ആരാധിച്ചും ചാമുണ്ഡി, പരദേവത, പഞ്ചുരുളി , ഗുളികൻ, വീരൻ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയും ഇവർ ജീവിച്ചിരുന്നു. ഫലപ്രദമായ പച്ചമരുന്നുകളും മന്ത്രവാദങ്ങളും ഇവരുടെ ചികിത്സാ രീതിയായി ഉപയോഗിച്ചിരുന്നതായും അറിയുന്നു.
ചെറവന്മാർ എന്നറിയപ്പെടുന്ന കുടുംബങ്ങൾ ജന്മികുടുംബങ്ങളുടെ അടിമകളായിരുന്നു. ഇവരെ ജന്മിമാർ വീതിച്ചെടുക്കുകയും അന്യോന്യം പാട്ടത്തിനു കൊടുക്കുകയും ചെയ്തിരുന്നു. അടിമക്കച്ചവടത്തിന്റെ ലഘുവായ മറ്റൊരു രൂപം. ഓരോ കുടുംബവും വച്ചു പുലർത്തിയിരുന്ന ചെറവർ ആ കുടുംബത്തിന്റെ ജന്മക്കാർ ആയിരുന്നു. ജന്മി അനുവദിച്ച സ്ഥലത്ത് പട്ടം കെട്ടി തീർത്തും അപരിഷ്കൃതമായ രീതിയിൽ കേരളത്തിലെ ആഫ്രിക്കയുടെ ഭാഗമായി അവർ ജീവിച്ചു പോന്നു. കായികശേഷി തെളിയിക്കുന്ന യുവാക്കൾക്കേ വിവാഹം ചെയ്യാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ.
ഒരു പൊതി നെല്ല് (3 പറ ) നെഞ്ചു തൊടാതെ ഉയർത്തിയായിരുന്നു കായിക ശേഷി പരീക്ഷിച്ചിരുന്നത്. വിവാഹാനന്തരം വരനും വധുവും ബന്ധുക്കളും ചേർന്നു ജന്മിയെക്കണ്ട് അനുഗ്രഹം വാങ്ങുന്ന ചടങ്ങ് ഒരു സവിശേഷതയായിരുന്നു. വിവാഹ ചിലവുകൾ മുഴുവനും ജന്മി വഹിച്ചിരുന്നു. മംഗലക്കളി എന്ന ആചാരകല വിവാഹ ആഘോഷങ്ങളിലെ ഒരു പ്രധാന ഇനമായിരുന്നു. ഏറെ പ്രകീർത്തിതമായ കാർഷിക ബന്ധങ്ങളിൽ കേരളത്തിലെ ജന്മി കുടിയാൻ ബന്ധങ്ങളിൽ സമൂലമായ അഴിച്ചുപണി നടത്തിയപ്പോൾ ജന്മികൾക്കുവേണ്ടി മണ്ണിൽ പണിയാനും അടിയാനും മാത്രം പിറന്ന അടിയാന്മാരാണ് തങ്ങളെന്ന ബോധത്തിൽ നിന്ന് ഇവർ മോചിതരായി. എങ്കിലും ഇന്നും പുരോഗതിയിലേക്കുള്ള ആദ്യ സോപാനത്തിൽ തന്നെ അറച്ചു നിൽക്കുന്ന ഇവരെ പതിനെട്ടാം പടിയിലെത്തിക്കാനുള്ള ഉത്തരവാദിത്വം പുതിയ ആസൂത്രണം ഏറ്റെടുത്തേ മതിയാകൂ.
ഇന്നത്തെ ബളാൽ പ്രദേശങ്ങൾ അടക്കിവാണിരുന്നത് ബാലിക്കടക്കോൻ എന്ന നായർ തറവാട്ടുകാരായിരുന്നു. ഇവരുടെ ആസ്ഥാനം അരീക്കര ആയിരുന്നു. അരി വിളയുന്ന കരയാണ് അരീക്കരയായി തീർന്നതെന്നു പറയുന്നു. ഇവരുടെ തറവാട്ടു വക കൂലോങ്ങൾ അരീക്കരയിലും ബളാലിലും ഉണ്ടായിരുന്നു. മാലോം കൂലോത്ത് മറ്റു തെയ്യങ്ങളോടൊപ്പം മുക്രി പോക്കർ എന്ന മാപ്പിള തെയ്യം കെട്ടി ആടിയിരുന്നു എന്നത് നമ്മുടെ മതസൌഹാർദ്ദത്തിന്റെ മൌലിയിൽ പതിച്ച മരതകമല്ലാതെ മറ്റെന്താണ്. പുരാതനമായ കല്ലൻചിറ, മാലോം എന്നീ മഖാമുകളുടെ പൂർവ്വ ചരിത്രമറിഞ്ഞാൽ കോരിത്തരിപ്പിക്കുന്ന ഐതിഹ്യങ്ങൾ വെളിവാകും. മഹാലോകമാണ് മാലോം ആയി പരിണമിച്ചതെന്ന് പറയപ്പെടുന്നു.
ബാലിക്കടക്കോൻ തറവാട് ക്ഷയിച്ചതോടെ മാലോം മേഖല കോടോത്ത് കുടുംബത്തിന്റെയും, കൊന്നക്കാട് ഭാഗം ക്ളായിക്കോട് ചെറുവിട്ടാര വീട്ടുകാരുടെയും, ബളാൽ അരീക്കര പ്രദേശങ്ങൾ തൃക്കരിപ്പൂർ ഉടുമ്പുന്തലക്കാർ എന്ന പ്രമുഖ മുസ്ലീം കുടുംബത്തിന്റെയും, എടത്തോട് ചേരിപ്പാടി കുടുംബത്തിന്റെയും അധീനതയിലായി.
ഏതാണ്ട് 75 വർഷം മുമ്പ് പൊടവടുക്കം , ബാര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പേറയിൽ, അടുക്കാടുക്കൻ, പൊളിയപ്രൻ, മേലത്ത്, കൂക്കൾ, ചിറക്കര, ഇടയില്ല്യം, വേങ്ങയിൽ, ബേത്തൂർ, ഐക്കോടൻ, തുടങ്ങിയ അനേകം നായർ കുടുംബങ്ങൾ ഇങ്ങോട്ടു കുടിയേറുകയുണ്ടായി. ഇവിടെ തെളിമയുടെ ആദികിരണങ്ങൾ വന്നു പതിച്ചത് ഈ കുടുംബങ്ങളുടെ കുടിയേറ്റത്തോടെയാണ്. യാദവർ, തീയർ തുടങ്ങിയ ജനവിഭാഗങ്ങളും ഇവിടെ വന്നു താമസം തുടങ്ങി. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ഇവിടെ മുസ്ലീം കുടുംബങ്ങൾ കുടിയേറിയിരുന്നു. ലായിനാക്കില്ലത്ത്, പുഴക്കര തുടങ്ങിയ പ്രമുഖ തറവാട്ടുകാർ ഈ പഞ്ചായത്തിലെ ആദികാല കുടിയേറ്റക്കാരിൽപ്പെടുന്നു .
കൃഷിയുടെ കാര്യമെടുത്താൽ പുനം കൃഷി ആയിരുന്നു അന്ന് പ്രധാനം. മലയിലെ വലിയ കാടുകൾ കൊത്തിമറിച്ച് കത്തിച്ച് മൂത്ത മണ്ണിൽ നെല്ലും കൂടെ ചാമയും മുത്താറിയും തുവരയും മറ്റും വിതച്ചിരുന്നു. അപൂർവ്വമായി പുകയിലയും പരുത്തിയും കൃഷി ചെയ്തിരുന്നു. പുനം കൃഷിയെ താറുമാറാക്കാനെത്തുന്ന വന്യമൃഗങ്ങളെ തുരത്താൻ കൊട്ടും തുടിയും കവണയും വില്ലുമായി രാവൊടുങ്ങുന്നതു വരെ കാവൽ കിടക്കുന്നതും ആദിവാസി ജനങ്ങളായിരുന്നു. പുനം മൂർന്നാൽ അവിടെ അവിടെ മുരിക്കുകാൽ നാട്ടുകയും കുരുമുളക് കൃഷി നടത്തുകയും ചെയ്യും. വ്യാപകമായ കൃഷിയും ഇതു തന്നെ ആയിരുന്നു.
കുടിയാന്മാർ ജന്മിക്ക് അന്ന് പത്തിന് രണ്ട് എന്നപാട്ടം കൊടുത്തിരുന്നു. പത്തുകൊല്ലത്തിന് രണ്ടു കൊല്ലം ആദായം എടുക്കാനുള്ള അവകാശം ജന്മിക്കായിരുന്നു. കൂടാതെ കാലാകാലങ്ങളിൽ ജന്മി നിശ്ചയിക്കുന്ന പുറപ്പാട്ട സംഖ്യയും ബാരവും പാട്ടവും കപ്പക്കാർ കൊടുക്കേണ്ടിയിരുന്നു.
1942 ൽ മാത്യു മീനാട്ടൂർ ബളാലിൽ ഉടുമ്പുന്തല ജന്മിയിൽ നിന്നും 1000 ഏക്കർ ഭൂമി എസ്റ്റേറ്റ് പിടിപ്പിക്കുന്നതിനു വേണ്ടി വാങ്ങിയിരുന്നു. എൻ. എസ്. എസ്. നു വേണ്ടി ശ്രീ. മന്നത്തു പത്മനാഭൻ വെള്ളരിക്കുണ്ടിൽ 1000 ഏക്കർ സ്ഥലം 1942 ൽ വാങ്ങുകയുണ്ടായി. പിന്നീട് അത് ഈശോ സഭക്കാരുടെ വകയായിത്തീരുകയും അവരതിനെ വിമല എസ്റ്റേറ്റ് എന്ന നാമധേയത്തിൽ തോട്ടമാക്കുകയും ചെയ്തു. 1995 ൽ അവരത് പലർക്കായി വിൽപന നടത്തി. 1948 മുതൽക്കാണ് തിരുവിതാംകൂർ കുടിയേറ്റം വ്യാപകമായി തുടങ്ങിയത്. ബളാൽ , മാലോം, വെള്ളരിക്കുണ്ട് എന്നീ സ്ഥലങ്ങളിലാണ് ആദ്യ കുടിയേറ്റം നടന്നത്. തേക്കിൻകാട്ടിൽ, പൊടിപ്പാറ, മണിയൻചിറ, എടാട്ടേൽ, കുറ്റിക്കാട്ട് തുടങ്ങിയവർ ആദ്യ കുടിയേറ്റക്കാരിൽ ചിലരാണ്.വന്യമായി കിടന്നിരുന്ന കന്നിമണ്ണ് കുടിയേറ്റ ജനതയുടെ ത്യാഗോജ്ജ്വലമായ കഠിനാദ്ധ്വാനം കൊണ്ട് കനകം വിളയുന്ന ഹരിതഭൂമിയായി തീർന്നു. ഒരു പുത്തൻ സംസ്ക്കാരത്തിന് തെക്കിന്റെയും വടക്കിന്റെയും സമ്മിശ്ര സുസംസ്ക്കാരത്തിന് കുടിയേറ്റം വഴി തെളിച്ചു. റബ്ബർ, തേങ്ങ, അടക്ക, കുരുമുളക് തുടങ്ങിയ നാണ്യവിളകളുടെ കേദാരഭൂമിയാക്കി ഈ നാടിനെ പരിവർത്തനം ചെയ്തത് കുടിയേറ്റ ജനതയാണ്.
സുപ്രസിദ്ധ സാഹിത്യകാരനായ എസ് കെ പൊറ്റക്കാടിന്റെ വിഷകന്യകയെ അമൃതകന്യകയാക്കി മാറ്റിയതും കുടിയേറ്റ ജനതയാണെന്നു പറയട്ടെ. സമീപകാലത്തു പണിത ബളാൽ ഭഗവതീ ക്ഷേത്രം ഇന്നത്തെ പ്രധാന ആരാധനാലയമാണ്. ഇതു കൂടാതെ ചെറിയ ചെറിയ പള്ളിയറകളും ക്ഷേത്രങ്ങളും കാവുകളും നാനാ ഭാഗത്തുമുണ്ട്. കൊന്നക്കാട്, വള്ളിക്കടവ്, മാലോം, വെള്ളരിക്കുണ്ട്, ബളാൽ, ചുള്ളി എന്നിവിടങ്ങളിലായി 12 ക്രിസ്ത്യൻ ദേവാലയങ്ങൾ ഈ പഞ്ചായത്തിലുണ്ട്. 5 സന്യാസിനി മഠങ്ങളുമുണ്ട്. കല്ലൻചിറ, മാലോം, കൊന്നക്കാട്, ഇടത്തോട് എന്നിവിടങ്ങളിൽ മുസ്ലീം പള്ളികളും മദ്രസകളും ഉണ്ട്. ബളാൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം, മാലോം , കല്ലൻചിറ ഉറൂസുകൾ, ക്രിസ്ത്യൻ പള്ളികളിലെ തിരുന്നാളുകൾ തുടങ്ങിയ ആഘോഷങ്ങളിൽ ജാതി മത ഭേദമന്യേ ജനങ്ങൾ സംബന്ധിക്കുന്നു. മത സൌഹാർദ്ദത്തിന്റെയും സമുദായ മൈത്രിയുടെയും നാടാണ് ബളാൽ. കൊന്നക്കാട് ക്രിസ്ത്യൻ പള്ളിക്കും മുസ്ലിം പള്ളിക്കും സ്ഥലം സൌജന്യമായി കൊടുത്തത് ശ്രീ കരിമ്പിൽ കുഞ്ഞിക്കോമൻ അവർകളും മാലോം മുസ്ലീം പള്ളിക്ക് സ്ഥലം സൌജന്യമായി കൊടുത്തത് ശ്രീമതി കെ പി നാരായണിയമ്മയും ആണ്. കല്ലൻചിറ ഉറൂസിനോടനുബന്ധിച്ച് നടത്തിയിരുന്ന നായാട്ടിലും നേർച്ചയിലും അന്നദാനത്തിലും ജാതി മത ഭേദമന്യേ ജനങ്ങൾ സംബന്ധിച്ചിരുന്നത് മതസൌഹാർദ്ദത്തിന്റെ മകുടോദാഹരണമാണ്.
ഈ പഞ്ചായത്തിലെ ആദ്യ സ്കൂൾ 1952 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ എടത്തോട് എന്ന സ്ഥലത്ത് സ്ഥാപിതമായി. സ്കൂളിന് സ്ഥലവും കെട്ടിടവും കൊടുത്തത് ശ്രീ ചേരിപ്പാടി കുഞ്ഞിക്കണ്ണൻ നായർ ആയിരുന്നു. ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകൻ ശ്രീ കുഞ്ഞപ്പ മാസ്റ്റർ ആയിരുന്നു. ആദ്യ കാലങ്ങളിൽ ഇവിടത്തുകാർ ഉന്നത വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് ഉത്തര കേരളത്തിലെ കേളി കേട്ട വിദ്യാലയമായ നീലേശ്വരം രാജാസ് ഹൈസ്കൂളിനെ ആയിരുന്നു. ഇന്ന് ഈ പഞ്ചായത്തിൽ 3 ഹൈസ്കൂളുകൾ (മാലോത്ത് കസബ, ബളാൽ, വെള്ളരിക്കുണ്ട് )അടക്കം 11 വിദ്യാലയങ്ങളുണ്ട്. മാലോം സെന്റ് തേമസ്, വെള്ളരിക്കുണ്ട് ടാഗോർ എന്നിവയാണ് പാരലൽ കോളേജുകൾ. വള്ളിക്കടവിലുള്ള മാലോത്ത് കസബ സ്കൂളിന് സൌജന്യമായി സ്ഥലം അനുവദിച്ചത്. ശ്രീ തോട്ടത്തിൽ ശങ്കരൻ നായരും ബളാൽ ഗവ. സ്കൂളിന് സ്ഥലം സൌജന്യമായി നൽകിയത് ശ്രീ കുഞ്ഞിക്കണ്ണൻ നായരും ആയിരുന്നു. വൈവിധ്യമോലുന്ന സംസ്ക്കാരവുമായി ഇവിടെ താമസമുറപ്പിച്ച ജനവിഭാഗങ്ങളുടെ സാംസ്ക്കാരിക സമന്വയത്തിൽ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്.
1954 ൽ ഇടത്തോട് ആസ്ഥാനമായി നിലവിൽ വന്ന മാലോത്ത് പഞ്ചായത്താണ് പിന്നീട് ബളാൽ പഞ്ചായത്തായി പരിണമിച്ചത്. 1962 മുതൽ പ്രസിഡന്റ് ശ്രീ ബി എം കുഞ്ഞിരാമൻ നായർ ആയിരുന്നു. 1963 മുതൽ ശ്രീ ചേരിപ്പാടി കുഞ്ഞിക്കണ്ണൻ നായർ ആയിരുന്നു പ്രസിഡന്റ്. അടിയന്തരാവസ്ഥക്കാലത്ത് നാലു വർഷം ശ്രീ ഇ കരുണാകരൻ നമ്പ്യാർ പ്രസിഡന്റിന്റെ ചാർജ്ജ് വഹിച്ചിരുന്നു. മാലോം പട്ടേലർ എന്നറിയപ്പെട്ടിരുന്ന ശ്രീ ചേരിപ്പാടി കുഞ്ഞിക്കണ്ണൻ നായർ ഈ നാട്ടിലെ സാമൂഹിക സാംസ്കാരിക പുരോഗതിക്കുവേണ്ടി ചെയ്തിട്ടുള്ള സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടും. ബളാൽ പഞ്ചായത്ത് ആഫീസിന് സ്ഥലം സൌജന്യമായി നൽകിയത്. ശ്രീ എടാട്ട് ആന്റണിയാണ്. ശ്രീമാൻ പി വി മൈക്കിൾ, വി നാരായണൻ നായർ എന്നിവർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. ഇവരുടെ ഭരണകാലത്ത് പഞ്ചായത്തിലുണ്ടായ സാമ്പത്തിക സാമൂഹ്യ രംഗങ്ങളിലെ പുരോഗതി പ്രത്യേകം എടുത്തുപറയത്തക്കതാണ്. ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ വി ചന്ദ്രനാണ്.
ശ്രീ സി കുഞ്ഞിക്കൃഷ്ണൻ നായർ (മുൻ എം എൽ എ ) സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുക വഴി ഈ പ്രദേശത്തെ ദേശീയ ധാരയിലേക്ക് നയിച്ചു. സ്വാതന്ത്ര്യ സമര സേനാനികളായ ശ്രീമാൻ ചാക്കോ താനപ്പനാൽ , നാലുപുരപ്പാട്ട് ഭാസ്ക്കരൻ , ഉറുമ്പിൽ വർഗ്ഗീസ് എന്നിവരുടെ ആഗമനം നമ്മുടെ സാമൂഹിക സാംസാക്കാരിക രംഗത്തെ മുതൽക്കൂട്ടായി. ശ്രീ ഇ കരുണാകരൻ നമ്പ്യാർ സ്വാതന്ത്ര്യ സമരത്തിലെ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ സജീവമായി പങ്കു കൊണ്ടു. കൊന്നക്കാട് ഭാഗത്ത് 101 ഏക്കർ സ്ഥലം ഭൂദാന പ്രസ്ഥാനത്തിന് ശ്രീ കരിമ്പിൽ കുഞ്ഞിക്കോമൻ നൽകുകയുണ്ടായി. പ്രശസ്ത നോവലിസ്റ്റായ ശ്രീ സി വി ബാലകൃഷ്ണന്റെ കളമെഴുത്ത്, തടവറകളിലെ കലാപം , ആയുസ്സിന്റെ പുസ്തകം എന്നീ നോവലുകളുടെ പശ്ചാത്തലം ഈ നാടാണ് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
മുൻ കേരള മുഖ്യ മന്ത്രി ബഹു. ശ്രീ ഇ കെ നായനാർ മലബാറിലെ കർഷക സമരക്കാലത്ത് ഈ മണ്ണിൽ ഒളിവിൽ കഴിഞ്ഞതായി അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ജന്മി കുടിയാൻ ബന്ധങ്ങളിൽ മാനുഷിക പരിഗണനകൾക്ക് മുൻ തൂക്കം കൊടുത്തിരുന്നതുകൊണ്ടാവാം ഈ പ്രദേശങ്ങളിൽ കർഷക സമരങ്ങൾ ശക്തിപ്പെടാതിരുന്നത്. ഭൂ പരിഷ്ക്കരണ നിയമം പ്രാബല്യത്തിൽ വന്നതോടെ കർഷകരുടെ സാമ്പത്തിക സാമൂഹിക നില തികച്ചും ഭദ്രമായി.
പരേതനായ ശ്രീ പല്ലാട്ടുകുന്നേൽ തോമസിന്റെ വക ഒരു അമൂല്യ ഗ്രന്ഥ ശേഖരം ഉണ്ടായിരുന്നു ബളാലിൽ. അനേകം പുസ്തകങ്ങളും പഴയതും പുതിയതുമായ ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾപ്പെടുന്ന ഈ ശേഖരം നമ്മുടെ സാംസ്ക്കാരിക മേഖലക്ക് വിലമതിക്കാനാകാത്ത മുതൽക്കൂട്ടാണ്.
ഈ പഞ്ചായത്തിൽപ്പെട്ട സ്ഥലങ്ങളുമായി ബന്ധപ്പെട്ട റോഡുകൾ പലതും കൂപ്പു റോഡുകളായി ആരംഭിച്ചവയാണ്. നീലേശ്വരം - എടത്തോട് റോഡ് ചെരി കുടുംബക്കാരും എടത്തോട് ബളാൽ റോഡ് ശ്രീ സി കുഞ്ഞിക്കണ്ണൻ നായരും കുന്നുംകൈ – കല്ലൻചിറ റോഡ് ഉടുമ്പുന്തല തറവാട്ടുകാരും ജനങ്ങളുടെ നിർല്ലോഭമായ സഹകരണത്തോടെ നിർമ്മിച്ചവയാണ്. വെള്ളരിക്കുണ്ട് – കൊന്നക്കാട് റോഡിന്റെ നിർമ്മാണത്തിൽ നാട്ടുകാരോടൊപ്പം ശ്രീ കരിമ്പിൽ കുഞ്ഞിക്കോമൻ , ശ്രീ സി കുഞ്ഞിക്കണ്ണൻ നായർ, ശ്രീ തോട്ടത്തിൽ ശങ്കരൻ നായർ തുടങ്ങിയവർ പങ്കു വഹിച്ചു.
വെള്ളരിക്കുണ്ട്, മാലോം, ബളാൽ, വള്ളിക്കടവ്, കൊന്നക്കാട് , എടത്തോട് എന്നിവിടങ്ങളിലെ ടൌണുകൾ നല്ല കച്ചവട കേന്ദ്രങ്ങളായി വളരുന്നുണ്ട്. ഈ പഞ്ചായത്തിന്റെ സിരാ കേന്ദ്രമാണ് വെള്ളരിക്കുണ്ട്. മലയോര മേഖലയുടെ പുരോഗതിക്ക് വെള്ളരിക്കുണ്ട് ആസ്ഥാനമായി മലയോര താലൂക്ക് രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. എം ജി കെ മൂർത്തിയുടെ നേതൃത്വത്തിലുള്ള താലൂക്ക് പുനസംഘടന കമ്മീഷൻ വെള്ളരിക്കുണ്ട് ആസ്ഥാനമായി ബളാൽ പഞ്ചായത്ത് രൂപീകരിക്കാൻ ശുപാർശ ചെയ്തിരുന്നു.
ബളാലിൽ ഹെഡ് ഓഫീസും മാലോം, കൊന്നക്കാട് എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുമായി പ്രവർത്തിക്കുന്ന മാലോത്ത് സർവ്വീസ് കോപ്പറേറ്റീവ് ബാങ്ക് ഈ പഞ്ചായത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമാണ്. ആവശ്യമായ വായ്പാ സൌകര്യങ്ങൾ നൽകി ഈ കാർഷിക മേഖലയെ പുരോഗതിയിലേക്കു നയിക്കുന്നതിൽ ഈ സ്ഥാപനത്തിന് പ്രധാന പങ്കുണ്ട്. ഗ്രാമീണ ബാങ്കുകൾ, കെ ഡി സി ബാങ്കിന്റെ ശാഖ എന്നീ സ്ഥാപനങ്ങളും ജനങ്ങളുടെ വായ്പാ സൌകര്യങ്ങൾക്കും തദ്വാര നാടിന്റെ വികസനത്തിനും സഹായിക്കുന്നു.
ബളാൽ ,വെള്ളരിക്കുണ്ട്, കൊന്നക്കാട്, മാലോം, എടത്തോട് എന്നിവിടങ്ങളിൽ വായന ശാലകൾ ഉണ്ട്. കൂടാതെ ആർട്സ് സൊസൈറ്റികൾ ,പരിസ്ഥിതി ക്ലബ്ബുകൾ, ഫൈൻ ആർട്സ് സൊസൈറ്റികൾ ,സ്പോർട്സ് ക്ലബ്ബുകൾ, കാൻഫെഡ് ഓഫീസ് തുടങ്ങിയ സാംസ്ക്കാരിക മേഖലയെ പരിപോഷിപ്പിക്കുന്ന പല സ്ഥാപനങ്ങളും ഈ പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്നു. മാവിലർ, വേട്ടുവർ തുടങ്ങിയ ജനവിഭാഗത്തിന്റെ പുരോഗതിക്കുവേണ്ടി ഐ എച്ച് ഡി പി പ്രവർത്തനം ഈ പഞ്ചായത്തിൽ 3 ഇടങ്ങളിൽ ഉണ്ട്.
ആധുനിക ചികിൽസാ സൌകര്യങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന ബളാൽ പഞ്ചായത്തിൽ അലോപ്പതി ,ഹോമിയോ, ആയുർവ്വേദ ആശുപത്രികൾ സ്ഥാപിച്ചു തന്ന മുൻ മന്ത്രി ശ്രീ എൻ കെ ബാലകൃഷ്ണനോടുള്ള കൃതഞ്ജത ഇത്തരുണത്തിൽ പ്രകാശിപ്പിച്ചു കൊള്ളുന്നു.
വനം കൊള്ള മൂലം കുന്നുകൾ മൊട്ടയാകുന്ന പ്രവണത ഇവിടെ അധികമാണ്. മണ്ണൊലിപ്പ് വലിയ വിനയാകുന്നുണ്ട്. നായാട്ട് വന്യമൃഗങ്ങളുടെ വംശ നാശത്തിന് കാരണമാകുന്നു. അധികൃതരുടെയും നിയമപാലകരുടെയും കണ്ണുകൾ കരുതിക്കൂട്ടി അടയാതിരുന്നെങ്കിൽ എന്നു ജനങ്ങൾ ആശിക്കുന്നുണ്ട്. കള്ളവാറ്റ്, മൂലവെട്ടി മുതലായ വ്യാജമദ്യ വിലാസങ്ങളും നാടിന് തീർത്താൽ തീരാത്ത ശാപമായി മാറുമ്പോഴും നൂറ് കണക്കിന് സ്ത്രീകൾ സംഘടിച്ച് വ്യാജ മദ്യ വേട്ടക്കിറങ്ങുന്നത് ആവേശത്തോടെ മാത്രമേ നോക്കിക്കാണാൻ കഴിയൂ.
21-12-1963 ൽ നിലവിൽ വന്ന പഞ്ചായത്ത് ഭരണസമിതിയിൽ ആദ്യം 7 അംഗങ്ങൾ ഉണ്ടായിരുന്നു. 17-01-1964 ൽ ശ്രീമതി ഇ താരാമണിയമ്മ പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടതോടെ 8 അംഗ ഭരണസമിതിയായി. യശ:ശരീരനായ ശ്രീ ചേരിപ്പാടി കുഞ്ഞിക്കണ്ണൻ നായർ ആയിരുന്നു പ്രസിഡന്റ്. മാലോം പട്ടേലർ എന്നറിയപ്പെട്ടിരുന്ന ശ്രീ ചേരിപ്പാടി കുഞ്ഞിക്കണ്ണൻ നായർ ഈ നാട്ടിലെ സാമൂഹിക സാംസ്കാരിക പുരോഗതിക്കുവേണ്ടി ചെയ്തിട്ടുള്ള സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടും.
ഈ പഞ്ചായത്തിലെ ആദ്യ സ്കൂൾ 1952 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ എടത്തോട് എന്ന സ്ഥലത്ത് സ്ഥാപിതമായി. സ്കൂളിന് സ്ഥലവും കെട്ടിടവും കൊടുത്തത് ശ്രീ ചേരിപ്പാടി കുഞ്ഞിക്കണ്ണൻ നായർ ആയിരുന്നു.കൂടാതെ ബളാലിൽ സ്കൂൾ സ്ഥാപിച്ചപ്പോഴും സ്ഥലം കൊടുത്തത് ഇദ്ദേഹമാണ്. 1964 ൽ പഞ്ചായത്ത് ആസ്ഥാനം എടത്തോട് നിന്നും ബളാലിലെ ആനക്കല്ലിലേക്ക് മാറ്റുകയും വി നാരായണൻ നായർ വക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ശ്രീ എടാട്ട് ആന്റണി നൽകിയ 25 സെന്റ് സ്ഥലത്ത് 1970 ൽ പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങുകയും 26-10-1971 ൽപണി പൂർത്തീകരിച്ച് കാസർഗോഡ് എം പി ആയിരുന്ന ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു യോഗത്തിൽ വച്ച് സ്മരണാർഹനായ അന്നത്തെ ആരോഗ്യമന്ത്രി എൻ കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് ഇന്നിരിക്കുന്ന സ്ഥലത്ത് ബളാൽ പഞ്ചായത്ത് കാര്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു.
1975 മുതൽ 79 വരെ പ്രസിഡന്റിന്റെ ചാർജ്ജ് വഹിച്ചിരുന്നത് ശ്രീ ഇ. കരുണാകരൻ നമ്പ്യാർ ആയിരുന്നു. ഇദ്ദേഹത്തിന്റെ കാലത്ത് കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ശ്രീ വി കുഞ്ഞമ്പു നായർ (മച്ചുനൻ ) മാലോത്ത് പഞ്ചായത്ത് എന്ന പേരു മാറ്റി ബളാൽ പഞ്ചായത്ത് എന്ന് പുനർനാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് നിവേദനം പഞ്ചായത്ത് ബോർഡിനു സമർപ്പിച്ചു. സർക്കാരിന്റെ അനുമതിയോടെ ബളാൽ പഞ്ചായത്ത് എന്ന പേര് നിലവിൽ വന്നു.
1979 മുതൽ 2005 വരെയുള്ള കാലയളവിൽ 4 ഭരണസമിതികൾ നിലവിൽ വരികയുണ്ടായി. ശ്രീ പി വി മൈക്കിൾ , ശ്രീ വി നാരായണൻ നായർ, ശ്രീ ഏ വി ചന്ദ്രൻ എന്നിവർ പ്രസിഡന്റ് സ്ഥാനം വഹിച്ചു. ഇക്കാലയളവിൽ ശ്രീ വി നാരായണൻ നായർ 3 തവണ പ്രസിഡന്റ് സ്ഥാനം വഹിക്കുകയുണ്ടായി.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെക്കാലത്തെ ലക്ഷ്യബോധത്തോടെയുള്ള ഭരണം കൊണ്ട് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ സമഗ്രമായ വികസനമാണ് നടന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ അടിസ്ഥാന സൌകര്യത്തിന്റെ ഭാഗമായുള്ള റോഡുകളുടെ വികസനത്തന് ഭരണസമിതികൾ ഊന്നൽ നൽകുകയുണ്ടായി. വിവിധ വർഷങ്ങളിലായി 200 കിലോമീറ്ററിലധികം റോഡുകൾ നിർമ്മിക്കുകയും അതിൽ 60 % റോഡുകൾ ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കി. 40 % റോഡുകളുടെ വികസന പ്രവർത്തനവും നടത്തിയിട്ടുണ്ട്. ഈ റോഡുകളുടെ വികസനത്തിനായി പഞ്ചായത്തിന്റെ തനത് ഫണ്ട് കൂടാതെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫണ്ടുകളും ഉപയോഗിച്ചിട്ടുണ്ട്. പരപ്പ- പള്ളത്തുമല, മാലോം-മൈക്കയം, കല്ലൻചിറ- മരുതുംകുളം, കൊന്നക്കാട് – തേങ്കയം, കല്ലൻചിറ- രാജപുരം, മാലോം- കോളിച്ചാൽ,എന്നീ റോഡുകൾ എടുത്തു പറയത്തക്കവയാണ്.റോഡുകളുടെ വികസനത്തിന് ത്രിതല പഞ്ചായത്തുകളുടെ ഫണ്ടും ഉപയോഗയോഗ്യമാക്കിയിട്ടുണ്ട്.
ജലസേചനത്തിനും ഗതാഗതത്തിനും ഉപകരിക്കുന്നതിന് ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ മൊറക്കോട് ,കുഴിങ്ങാട് ,അരീക്കര എന്നീ സ്ഥലങ്ങളിൽ വി സി ബി കൾ നിർമ്മിച്ചു. മങ്കയം ,ബന്തമല,പുഞ്ച ,വള്ളിക്കടവ് എന്നിവിടങ്ങളിലും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വി സി ബി കൾ നിർമ്മിച്ചിട്ടുണ്ട്. കായക്കുന്ന് തോടിന് പാലവും മറ്റ് സ്ഥലങ്ങളിൽ ആവശ്യമായ കലുങ്കുകളും നിർമ്മിച്ചിട്ടുണ്ട്. കാർഷികവൃത്തിയിലൂടെ ഉപജീവനം കഴിക്കുന്ന പഞ്ചായത്തിലെ 90 ശതമാനത്തിൽ അധികം വരുന്ന കർഷകരുടെ ഉന്നമനത്തിനും കാർഷിക അഭിവൃദ്ധിക്കും വേണ്ടി വിവിധ പദ്ധതികൾ പഞ്ചായത്തിൽ നടപ്പാക്കുകയുണ്ടായി . ജനങ്ങളുടെ സൌകര്യത്തിനായി പഞ്ചായത്ത് ആസ്ഥാനത്തോട് ചേർന്നു തന്നെ കൃഷി ഭവൻ കെട്ടിടവും ഭരണി ചേതനാ കെട്ടിടവും നിർമ്മിച്ചിട്ടുണ്ട്. മണ്ണ്- ജല സംരക്ഷണ പരിപാടികൾക്ക് ഊന്നൽ നൽകിക്കൊണ്ട് കേന്ദ്ര – സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ ആനമഞ്ഞൾ, എടത്തോട്, പാത്തിക്കര, മല്ല്യോടൻ ചാൽ, നീലിപ്പുഴ എന്നീ സ്ഥലങ്ങളിൽ നബാർഡ് പദ്ധതിയും കൊന്നക്കാട്, അരിങ്കല്ല് എന്നീ സ്ഥലങ്ങളിൽ പശ്ചിമ ഘട്ട വികസന പദ്ധതിയും കാര്യക്ഷമമായി നടപ്പിലാക്കാൻ കഴിഞ്ഞു.
സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച വെളിച്ച വിപ്ലവ പദ്ധതിയിലൂടെ മാലോം, കൊന്നക്കാട് എന്നിവിടങ്ങളിൽ വൈദ്യുതി എത്തിക്കാൻ കഴിഞ്ഞത് ഒരു നേട്ടമായി കരുതുന്നു. കൂടാതെ പഞ്ചായത്ത് ഫണ്ട് എസ്.സി /എസ് ടി യുടെ കോർപ്പസ് ഫണ്ട് എന്നിവ ഉപയോഗിച്ച് മരുതോം, മരുതുംകുളം, കമലപ്ളാവ്,കണ്ണീർവാടി , കുഴിങ്ങാട്,ഞാണിക്കടവ്, ചേരിപ്പാടി, നമ്പ്യാർമല, എടക്കാനം, വാഴത്തട്ട്, കല്ലൻചിറ, കാഞ്ഞിരക്കുണ്ട്, നിക്കുന്ന്,മുട്ടോംകടവ്.പടയംകല്ല്,ബന്തമല ,അത്തിക്കടവ് തുടങ്ങിയ സ്ഥലങ്ങൾ വൈദ്യുതീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തിന്റെ ഏതാണ്ട് 70 % പ്രദേശങ്ങളും വൈദ്യുതീകരിച്ച് കഴിഞ്ഞു. കൂടാതെ പന്ത്രണ്ടോളം സ്ഥലങ്ങളിൽ തെരുവ് വിളക്കുകളും സ്ഥാപിക്കാൻ കഴിഞ്ഞു.
ദുർബല വിഭാഗങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാനായി അൻപതിലധികം വരുന്ന കിണറുകളും നൂറിലധികം കുഴൽകിണറുകളും കുഴിച്ച് കുടിവെള്ളപ്രശ്നം ഭാഗികമായി പരിഹരിച്ചിട്ടുണ്ട്
കന്നുകാലി വളർത്തലിനെയും ക്ഷീര വികസനത്തിനെയും പ്രോത്സാഹിപ്പിക്കുവാൻ മൃഗാശുപത്രിയും അവയ്ക്ക് കെട്ടിടവും മാലോം , പാത്തിക്കര, ബളാൽ,കനകപ്പള്ളി, എടത്തോട് എന്നിവിടങ്ങളിൽ ICDP സബ് സെന്ററുകൾ അനുവദിക്കുകയും കെട്ടിടം നിർമ്മിച്ച് നൽകുകയും ചെയ്തു.
പൊതുജനാരോഗ്യ സംരക്ഷണത്തിനു വേണ്ടി വെള്ളരിക്കുണ്ട്, കൊന്നക്കാട് PHC കളും അവയ്ക്ക് ആവശ്യമായ കെട്ടിടങ്ങളും നിർമ്മിച്ചു.കൂടാതെ മാലോത്ത് ആയുർവേദ ആശുപത്രിയും ബളാലിൽ ഒരു ഹോമിയോ ആശുപത്രിയും അനുവദിക്കുകയും അവയ്ക്ക് കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്തു. പ്രാഥമിക കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ മാലോം, ചുള്ളി, ബളാൽ, കനകപ്പള്ളി എന്നീ സ്ഥലങ്ങളിൽ പ്രവർത്തിച്ചു വരുന്നു.
പഞ്ചായത്തിൽ രണ്ട് ഹയർസെക്കന്ററി സ്കൂൾ, ഒരു ഹൈസ്കൂൾ, ഒരു യു പി സ്കൂൾ , 9 എൽ പി സ്കൂൾ എന്നിവ കൂടാതെ 3 മൾട്ടി ഗ്രേഡ് ലേണിംഗ് സെന്ററുകളും പ്രവർത്തിക്കുന്നു. വിദ്യാലയങ്ങളെല്ലാം മെച്ചപ്പെട്ട പഠന നിലവാരം പുലർത്തുന്നവയാണ്. 15 വാർഡുകളിലായി 19 അംഗൻവാടികളും പ്രവർത്തിക്കുന്നു. വിദ്യാലയങ്ങൾക്കും അംഗൻവാടികൾക്കും അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ബളാൽ , കൊന്നക്കാട്,എടത്തോട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന തുടർ വിദ്യാ കേന്ദ്രങ്ങളുടെ മെച്ചപ്പെട്ട പ്രവർത്തനം മൂലം തുടർ വിദ്യാഭ്യാസ മേഖലയിലും പുരോഗതി കൈവരിക്കാൻ നമുക്ക കഴിഞ്ഞിട്ടുണ്ട്